കൊട്ടിയൂർ: മാലിന്യം തള്ളാൻ ജില്ലകളും സംസ്ഥാനവുമൊക്കെ കടന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ചുരത്തിലേക്കും വനത്തിലേക്കും പുഴയോരത്തേക്കും എത്തുന്നവരെ പിടികൂടാൻ കൊട്ടിയൂർ പഞ്ചായത്ത് സംവിധാനമൊരുക്കുന്നു. കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിന് നടുവിൽ തന്നെ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി ശിക്ഷിച്ചു. സംഭവത്തിൽ വയനാട് ജില്ലയിലെ തലപ്പുഴ സ്വദേശികൾക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 5000 രൂപ പിഴ ചുമത്തി. 2026 ഓഗസ്റ്റ് 28-ന് പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയത് വയനാട് സ്വദേശികളാണെന്ന് കണ്ടെത്തിയത്. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സുഭാഷ് എം.ജി, ഹെൽത്ത് ഇൻസ്പെക്ടർ പി. അനിത, ജനപ്രതിനിധി രവീന്ദ്രൻ എടാൻ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാലിന്യം തോന്നിയവാസം വലിച്ചെറിയുന്നവർക്കും അശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നവർക്കുമെതിരെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേസെടുത്ത് 41,000 രൂപ പിഴ ഈടാക്കിയതായും പഞ്ചായത്ത് അറിയിച്ചു.. കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽ ഭൂരിഭാഗവും മറ്റു പഞ്ചായത്തുകളിലും ജില്ലകളിലും സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്ന് കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ ഹെൽത്ത് വിഭാഗത്തിൻ്റെ ശക്തമായ പരിശോധനയുടെ ഫലമായാണ് കുറ്റക്കാരെ വേഗത്തിൽ കണ്ടെത്താൻ സാധിച്ചത്.
തുടർന്നും പ്രദേശത്ത് ശക്തമായ പരിശോധനയും കർശന നടപടികളും ഉണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. അലക്ഷ്യമായി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കാവുന്നതാണ്.
Wayanad residents fined Rs. 5,000 for dumping garbage on Boys Town Churam Road.




















